
കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത സിനഗോഗിന് സമീപം ബാനറുകൾക്കും ഫ്ലക്സുകൾക്കും തീവെച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി സ്വദേശി എബിൻ ബി. പോളി (32)യെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ച രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിന് സമീപമുള്ള നഴ്സറിയുടെ മുൻവശത്ത് തീയിട്ടത്. കാറിലെത്തിയ പ്രതി വാഹനം മാറ്റിയിട്ടശേഷം പെട്രോൾ നിറച്ച കാനുമായി സിനഗോഗിന് സമീപത്തേക്ക് നടന്നുപോകുന്നതും നഴ്സറിയുടെ മുൻവശത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അകലെ മാറിനിന്ന് തീ എറിയുന്നതും ഇയാൾ സ്വയം മൊബൈൽ ഫോണിൽ പകർത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.
സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തിലേക്ക് നയിച്ച വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
'ബോസ്' നൽകുന്ന നിർദേശങ്ങൾ; പ്രതിഫലം ക്രിപ്റ്റോ കറൻസിയിൽ
'ബോസ്' എന്ന് വിളിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാളുടെ യഥാർഥ പേരോ വ്യക്തമായ വിവരങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
നിർദേശപ്രകാരം നടത്തുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബോസിന് അയച്ചുകൊടുക്കുകയും പകരമായി ക്രിപ്റ്റോ കറൻസി സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യങ്ങൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും സമാനമായ രീതിയിൽ തീവെച്ചതായി എബിൻ സമ്മതിച്ചെന്നാണ് വിവരം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്യാൻ എത്തിയിട്ടുണ്ട്.
വീട്ടിൽനിന്ന് വിവിധയിനം മയക്കുമരുന്നുകൾ പിടികൂടി
സെൻട്രൽ പൊലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് പ്രതി താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലെ വീട്ടിൽ പരിശോധന നടത്തി. ഇവിടെനിന്ന് വിവിധയിനം മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
3.613 ഗ്രാം വെള്ള ഹെറോയിൻ, 2.736 ഗ്രാം ബ്രൗൺ ഹെറോയിൻ, 2.361 ഗ്രാം ഓക്സികോഡോൺ, 5.264 ഗ്രാം ഫെന്റനൈൽ, 20.171 ഗ്രാം ആൽപ്രാസോലം, 50.883 ഗ്രാം കെറ്റാമിൻ, 20.675 ഗ്രാം കെ-റോക്ക് എന്നിവയാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം.
സിനഗോഗിന് സമീപത്തെ തീവെപ്പ്, സമാനമായ മറ്റ് സംഭവങ്ങളിലെ പങ്ക്, ബോസ് എന്നറിയപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധം, സ്ഫോടനങ്ങൾ നടത്താൻ നിർദേശം ലഭിച്ചെന്ന ആരോപണം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.








